Kerala
കൊച്ചി: ഓണ്ലൈന് ഭക്ഷണ വിതരണത്തിന്റെ മറവില് മദ്യവില്പ്പന നടത്തിയ ഡെലിവറി ബോയ് അറസ്റ്റില്. മട്ടാഞ്ചേരി സ്വദേശി ലിബിന് ജോസ് ആണ് അറസ്റ്റിലായത്. 42 കുപ്പി മദ്യവും പ്രതിയില് നിന്നും പിടികൂടി. സ്വിഗ്ഗി ഡെലിവറി ബോയ് ആയി പ്രവര്ത്തിച്ചു വരികയായിരുന്നു ലിബിന്. 700 രൂപയ്ക്കാണ് പ്രതി മദ്യം വിറ്റിരുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി ഇയാള് പോലീസ് നിരീക്ഷണത്തിലായിരുന്നു. താമസിച്ചിരുന്ന പനയപള്ളി കോര്പ്പറേഷന് കോളനിയില് വച്ചാണ് മട്ടാഞ്ചേരി പോലീസ് പ്രതിയെ പിടികൂടിയത്. മദ്യം വീട്ടിലെ ഷെല്ഫില് സൂക്ഷിച്ച നിലയില് ആയിരുന്നു. മദ്യ വില്പ്പന നടത്തുന്നതില് ഇയാള്ക്കൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണ്.
District News
ചെറുതോണി: നൂറുലിറ്റര് പോണ്ടിച്ചേരി മദ്യവുമായി മധ്യവയസ്കനെ തങ്കമണി എക്സൈസ് സംഘം പിടികൂടി. ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി തങ്കമണി എക്സൈസ് റേഞ്ച് ഇന്സ്പെക്ടര് രാഹുല് ജോണും പാര്ട്ടിയും നടത്തിയ പരിശോധനയിലാണ് ഉപ്പുതോട് 17 കമ്പനി കയത്തിങ്കല് ഷാജി വര്ഗീസ് (50) പിടിയിലായത്.
200 കുപ്പികളിലായി വില്പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 100 ലിറ്റര് പോണ്ടിച്ചേരി മദ്യമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നു കോടതിയില് ഹാജരാക്കും. പ്രിവന്റീവ് ഓഫീസര് ഗ്രേഡുമാരായ സി.എന്. ജിന്സണ്, ബിനു ജോസഫ്, ഷീന തോമസ്, സിവില് എക്സൈസ് ഓഫീസര്മാരായ അനന്ദ് വിജയന്, മുഹമ്മദ് ഷിബില് എന്നിവര് റെയ്ഡില് പങ്കെടുത്തു.
District News
വടകര: ഓണക്കാല സ്പെഷല് ഡ്രൈവിന്റെയും ഓപ്പറേഷന് തണ്ടറിന്റെയും ഭാഗമായ എക്സൈസ് റെയ്ഡില് പത്ത് ലിറ്റര് ചാരായവുമായി ഒരാള് പിടിയില്. വില്യാപ്പള്ളി പൊട്ടകണ്ടിയില് നാരായണനെയാണ് (67) വടകര എക്സൈസ് സര്ക്കിള് ഓഫീസിലെ എക്സൈസ് ഇന്സ്പെക്ടര് സയിദ് മുഹമ്മദും സംഘവും പിടികൂടിയത്. മുന് പ്രവാസിയായ ഇയാള് വീട് കേന്ദ്രീകരിച്ചാണ് ചാരായം വാറ്റുന്നത്.
ഇന്നലെ ഉച്ചയ്ക്ക് കന്നാസില് പത്ത് ലിറ്റര് ചാരായവുമായി ബൈക്കില് വീട്ടില് നിന്ന് ഇറങ്ങിയതിനു പിന്നാലെ അരയാക്കൂല് താഴെകുനിയില് നിന്നാണ് പ്രതി പിടിയിലാകുന്നത്. ബൈക്കും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെയും അസി. കമ്മീഷണറുടെയും നിര്ദേശാനുസരണം നടത്തിയ റെയ്ഡില് പ്രിവന്റീവ് ഓഫീസര്മാരായ ഉനൈസ്, ഷിരാജ്, സിവില് എക്സൈസ് ഓഫീസര് അനിരുദ്ധ്, ഡ്രൈവര് പ്രജീഷ് എന്നിവര് പങ്കെടുത്തു.
Kerala
കൊല്ലം: മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷിച്ച് നടപടിയെടുക്കാൻ സിഎംഡിക്ക് നിർദേശം നൽകി എക്സൈസ് മന്ത്രി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ബെവ്കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം പരാതിയിൽ അന്വേഷണം നടത്തും.
റിപ്പോർട്ട് ഉടൻ കൈമാറണമെന്നാണ് ഓഡിറ്റ് സംഘത്തിന് നൽകിയ നിർദേശം. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കും. മദ്യം വാങ്ങാൻ എത്തിയ ആളിൽനിന്ന് ജീവനക്കാരൻ 50 രൂപ അധികം ആവശ്യപ്പെട്ടതാണ് സംഭവം. അധികമായി വാങ്ങുന്ന ദൃശ്യം സഹിതം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടപെടൽ.
District News
വടകര: മാഹിയില്നിന്ന് കാറില് കടത്തിയ 117 ലിറ്റര് മദ്യം എക്സൈസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര് പുളിങ്ങോം ചെറുപുഴ തലപ്പുലത്ത് ശ്രീരാജി (42)നെ കോഴിക്കോട് എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി നര്ക്കോട്ടിക് സ്പെഷല് സ്ക്വാഡ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെ തുടര്ന്ന് ചോമ്പാലില് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഓണം പ്രമാണിച്ച് മാഹിയില് നിന്നുള്ള മദ്യക്കടത്ത് വര്ധിച്ചത് കണക്കിലെടുത്താണ് എക്സൈസ് രംഗത്തിറങ്ങിയത്. കോഴിക്കോട് പ്രിവന്റിവ് ഓഫീസര് എന്.എസ്. സുനീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
District News
കോഴിക്കോട്: വ്യാജമദ്യ നിര്മാണവും കടത്തും വിതരണവും തടയുന്നതിനായുള്ള ജില്ലാതല ജനകീയ സമിതി യോഗം എഡിഎം കെ. ഷറീനയുടെ അധ്യക്ഷതയില് കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്നു. ഈ വര്ഷം ജനുവരിയില് ചേര്ന്ന ജനകീയ സമിതി യോഗത്തില് ഉയര്ന്ന പരാതികളിലെ തുടര്നടപടികള് ചര്ച്ച ചെയ്തു.
ജില്ലയില് 2026 ഫെബ്രുവരി മുതല് എക്സൈസ് വകുപ്പ് 4,765 റെയ്ഡുകളും 159 കമ്പൈന്ഡ് റെയ്ഡുകളും നടത്തിയതില് 945 അബ്കാരി കേസുകളും 404 എന്ഡിപിഎസ് കേസുകളും 1,482 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. ഈ കേസുകളിലായി 1,015 പ്രതികളെ അറസ്റ്റ് ചെയ്തതായും യോഗത്തില് അറിയിച്ചു.
ഇക്കാലയളവില് 478.5 ലിറ്റര് ചാരായവും 2,891 ലിറ്ററിലധികം വിദേശമദ്യവും 24,208 ലിറ്റര് വാഷും 121 ഗ്രാമിലധികം മെത്താഫിറ്റാമിനും ഹെറോയിന് ഉള്പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു. വിവിധ കേസുകളിലായി 81 വാഹനങ്ങളും 4.09 ലക്ഷത്തിലധികം രൂപ തൊണ്ടിമുതലായും പിടിച്ചെടുത്തിട്ടുണ്ട്.
വ്യാജമദ്യ നിര്മാണം തടയാന് പഞ്ചായത്ത്തല ജാഗ്രതാ സമിതിയും പൊതുജന പങ്കാളിത്തവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യോഗത്തില് ആവശ്യമുയര്ന്നു. പഞ്ചായത്തുതലത്തില് പരാതിപ്പെട്ടികള് സ്ഥാപിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി കമ്മിറ്റി രൂപീകരിക്കണമെന്നും വിവിധ മദ്യവിരുദ്ധ സമിതി പ്രതിനിധികള് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ബെവ്കോ എംഡിയുടെ ഉത്തരവിനെതിരേ എക്സൈസ് മന്ത്രി എം. ലിജു. എംഡി യോഗേഷ് ഗുപ്തയോട് രാവിലെ പത്തിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ മന്ത്രി നിർദേശം നല്കി.
മന്ത്രിയോട് ആലോചിക്കാതെയാണ് പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ് ഇറക്കിയത്. കുപ്പികൾ തിരികെ വാങ്ങുന്നത് പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള നല്ല നടപടിയാണെന്നും ഓണത്തിനു ശേഷം തദ്ദേശ വകുപ്പുമായി ചേർന്ന് പദ്ധതി വിപുലപ്പെടുത്താനും ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
തൊടുപുഴ: ലോകകപ്പ് ഫുട്ബോള് മത്സരം ബിഗ് സ്ക്രീനില് വീക്ഷിക്കുന്ന സ്ഥലത്തു ഡ്യൂട്ടിക്കായി എസ്ഐ എത്തിയ പോലീസ് വാഹനത്തില്നിന്നു മദ്യക്കുപ്പി കണ്ടെത്തി. എസ്ഐയും പോലീസ് ഡ്രൈവറും മദ്യപിച്ചാണ് ഡ്യൂട്ടിക്കെത്തിയതെന്ന് ആരോപിച്ച് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്ത്തകരും ചേര്ന്ന് ഇവരെ തടഞ്ഞുവച്ചു.
കരിമണ്ണൂര് എസ്ഐ റോയ് സുകുമാരന്, ഡ്രൈവര് എന്നിവരെയാണ് തൊടുപുഴ മങ്ങാട്ടുകവലയില് തടഞ്ഞു വച്ചത്. ഇന്നു പുലര്ച്ചെയാണ് സംഭവം. അര്ജന്റീന-സ്പെയിന് ഫൈനല് മത്സരം ബിഗ് സ്ക്രീനില് വീക്ഷിക്കാനായി മങ്ങാട്ടുകവലയില് വലിയ തോതില് ഫുട്ബോള് ആരാധകര് തടിച്ചു കൂടിയിരുന്നു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് വിവിധ സ്റ്റേഷനിൽനിന്നുള്ള പോലീസിനെയാണ് ഇവിടെ നിയോഗിച്ചത്. ഇതിനിടെയാണ് വാഹനത്തില് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും എസ്ഐയും ഡ്രൈവരും മദ്യപിച്ചതായും സ്ഥലത്തുണ്ടായിരുന്നവര് ആരോപിച്ചത്.
ഇതോടെ എസ്ഐയെയും ഡ്രൈവറെയും യുവാക്കള് തടഞ്ഞു വയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് തൊടുപുഴ സിഐയുടെ നേതൃത്വത്തില് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോള് വാഹനത്തില്നിന്നു മദ്യക്കുപ്പികള് കണ്ടെത്തി. തുടര്ന്ന് എസ്ഐയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധന നടത്തി. എന്നാല്, പ്രാഥമിക പരിശോധനയില് ഇവര് മദ്യപിച്ചതായി വ്യക്തമായിട്ടില്ലെന്ന് സിഐ പറഞ്ഞു. രക്തസാമ്പിള് വിശദ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് എസ്പിയ്ക്കും ഡിവൈഎസ്പിക്കും റിപ്പോര്ട്ട് നല്കുമെന്ന് സിഐ സിജോ വര്ഗീസ് പറഞ്ഞു.
National
ബദോഹി: ഹരിയാനയിൽനിന്നും പഞ്ചാബിൽനിന്നും മദ്യനിരോധിത സംസ്ഥാനമായ ബിഹാറിലേക്കു വാട്ടർ ടാങ്കറുകളിൽ മദ്യം ഒഴുകുന്നു.
കർഷകരുടെ ട്രാക്ടറുകളിൽ കയറ്റിയ വാട്ടർ ടാങ്കറുകളാണ് ഇന്ത്യൻ നിർമിത വിദേശമദ്യങ്ങൾ കടത്താൻ ഉപയോഗിക്കുന്നതെന്നു പോലീസ് അറിയിച്ചു.
തങ്ങളുടെ ട്രാക്ടറുകളിൽ മദ്യംക്കടത്തുന്നതിന് കർഷകർക്കും ഇവർ പണം നൽകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ കടത്തുന്ന മദ്യം കൊള്ളലാഭത്തിലാണ് ബിഹാറിൽ വിറ്റഴിക്കുന്നത്.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിന്റെ കരടിൽ ഉൾപ്പെടുത്തി. 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനം വിൽപന നികുതിയും 10 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ളതിനു 175 ശതമാനം വിൽപന നികുതിയും നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനമാണു ബില്ലിന്റെ കരടിൽ ഉൾപ്പെടുത്തിയത്. ജൂലൈ ഒന്നിനു മുഖ്യമന്ത്രി വി.ഡി. സതീശൻ ധനബില്ല് അവതരിപ്പിക്കും.
‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിനു നികുതി നിരക്കു നിശ്ചയിച്ച് കേരള പൊതു വിൽപനനികുതി നിയമം (കെജിഎസ്ടി) 1963 ഭേദഗതി വരുത്താനാണു നിർദേശം. ധനവകുപ്പ് നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറിയ കരട് പ്രസിദ്ധീകരിച്ചു. ഇന്നുതന്നെ എംഎൽഎമാർക്കു പകർപ്പ് ലഭിക്കും.
പ്രധാന ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തിയശേഷമാണു നീക്കമെന്നാണു വിവരം. യുഡിഎഫിനു വലിയ ഭൂരിപക്ഷമുള്ള സഭയിൽ ധനബിൽ പാസാകുമെന്ന് ഉറപ്പാണ്. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്നു മദ്യനയത്തിൽ യുഡിഎഫ് തീരുമാനിക്കുമെന്നും വിൽക്കുന്നുണ്ടെങ്കിൽ ബജറ്റിൽ പ്രഖ്യാപിച്ചതു തന്നെയാകും നികുതി ഘടനയെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബജറ്റിൽ ഏർപ്പെടുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനം തിരുത്തുമോ എന്ന് ഇന്നറിയാം. ബജറ്റ് ചർച്ചകൾക്ക് മുഖ്യമന്ത്രി ഇന്നു മറുപടി പറയുന്നുണ്ട്.
കോണ്ഗ്രസിലും യുഡിഎഫിലുമുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി പ്രഖ്യാപനത്തിൽ നിന്നു പിന്മാറുമോ എന്ന് ഇന്നു നിയമസഭയിൽ നൽകുന്ന മറുപടിയിൽ അറിയാനാകും.
മദ്യനയത്തിലെ മാറ്റം അഴിമതിയുടെ ഭാഗമാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നു. യുഡിഎഫിന്റെ പ്രഖ്യാപിത മദ്യനയത്തിനു വിരുദ്ധമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന ആരോപണം കോണ്ഗ്രസിലെ മുതിർന്ന നേതാക്കളും യുഡിഎഫ് ഘടകകക്ഷികളും ഉന്നയിക്കുന്നു.
സർക്കാരിന്റെ ഇപ്പോഴത്തെ മദ്യമൊഴുക്കാനുള്ള തീരുമാനത്തിനെതിരേ കെസിബിസി അടക്കമുള്ള സംഘടനകളും എതിർപ്പുമായി രംഗത്തുണ്ട്.
എന്നാൽ, മദ്യം വിതരണം ചെയ്തു കേരളത്തെ മദ്യാലയമാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുൻ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ചട്ട ഭേദഗതിയിൽ നികുതി നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്ന വാദമാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവർ ഉന്നയിക്കുന്നത്.
ബക്കാർഡി കന്പ നിയുടെ മദ്യം വിതരണം ചെയ്യുന്നതിനുള്ള ഒരു നടപടിയുമായും സർക്കാർ മുന്നോട്ടു പോയിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവർ പറയുന്നു.
Kerala
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി നിയമസഭയെ പ്രക്ഷുബ്ധമാക്കി.
മദ്യമാഫിയയെ സഹായിക്കാനുള്ള തീരുമാനത്തിനു പിന്നിൽ അഴിമതിയുണ്ടെന്നു സഭയ്ക്കുള്ളിലും പുറത്തും ആരോപിച്ച പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്ത നടപടിയിൽ പ്രതിഷേധിച്ചു സഭയിൽ നിന്നു പ്രതിപക്ഷം വാക്കൗട്ടും നടത്തി.
കർണാടകയിലെ മദ്യക്കന്പനിക്ക് അമിതലാഭമുണ്ടാക്കാനാണ് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ചതെന്നും ഇതു നടപ്പായാൽ ശീതളപാനീയം പോലെ മദ്യം നാട്ടിൽ സുലഭമാകുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. മദ്യത്തിനുള്ള 251% വിൽപന നികുതി 120%ആയി കുറയ്ക്കുകയാണ്.
131%നികുതി കുറയ്ക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയല്ല. എന്നാൽ, ബജറ്റ് പ്രഖ്യാപനങ്ങളിൽ നിയമസഭയിൽ ചർച്ച നടക്കുന്ന വിഷയമാണ് അടിയന്തരപ്രമേയ നോട്ടീസിലുള്ളതെന്ന് ചൂണ്ടിക്കാട്ടി, കെ.എൻ. ബാലഗോപാൽ നൽകിയ നോട്ടീസ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളി. ബജറ്റ് ചർച്ചയിലുള്ള വിഷയത്തിൽ ചർച്ചയ്ക്കിടെ അഭിപ്രായം പറയാം. അടിയന്തര പ്രമേയമായി അനുവദിക്കാനാകില്ലെന്ന മുൻ സ്പീക്കർ വർക്കല രാധാകൃഷ്ണന്റെ റൂളിംഗ് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ പ്രതിരോധം.
ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. 20 മിനിറ്റോളം സഭ ബഹളത്തിൽ മുങ്ങി. സ്പീക്കർ അടുത്ത നടപടിക്രമങ്ങളിലേക്ക് കടന്നതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ബജറ്റ് ഷെഡ്യൂളിൽ ഫിനാൻസ് ബില്ലില്ലാത്തതിനാൽ പുതിയ നികുതി നിർദേശത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നു പിണറായി പറഞ്ഞു. ഇതിന്റെ ഗുണഭോക്താവ് മദ്യക്കന്പനിയായ ’ബക്കാർഡി’യാണ്.2023ൽ ബക്കാർഡി നികുതിവകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും എൽഡിഎഫ് സർക്കാർ നടപടിയെടുത്തില്ല.
പുതിയ സർക്കാർ ശരവേഗത്തിൽ ഫയൽനീക്കി. ഏഴ് ഉദ്യോഗസ്ഥർ അസാധാരണ വേഗത്തിൽ ഫയൽ കണ്ടു. യുവാക്കളെയടക്കം ലഹരിയിലേക്ക് തള്ളിവിടുന്നതായി മാറുമെന്നും പിണറായി കുറ്റപ്പെടുത്തി .ഇതോടെ പിണറായി വിജയന്റെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയ നോട്ടീസിൽ ആരോപണവും ആക്ഷേപവും പാടില്ല.
നോട്ടീസിന് അനുമതി നിഷേധിച്ചിട്ടും പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചു.
സർക്കാരിനു മറുപടി പറയാൻ അവസരമില്ലാത്തതിനാൽ ഒരു കാരണവശാലും രേഖയിലുണ്ടാകരുതെന്ന് സതീശൻ ആവശ്യപ്പെട്ടു. നോട്ടീസിലെ മുഴുവൻ കാര്യങ്ങളും പിണറായി വായിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പുനൽകി. പിന്നാലെ അടിയന്തരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സഭാ ടിവിയിൽ നിന്നും നീക്കി.
എത്ര പ്രതിഷേധിച്ചാലും വാച്ച് ആൻഡ് വാർഡിനെ വിളിക്കില്ലെന്നായിരുന്നു സ്പീക്കറുടെ കമന്റ്. ഞങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന് കെ.സി. ഗ്രൂപ്പ് പറയുന്നു, എക്സൈസ് മന്ത്രി എം.ലിജുവും വി.എം. സുധീരനും പറയുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്.
District News
മൂന്നാര്: അനധികൃത വില്പ്പനയ്ക്കായി കൊണ്ടുവന്ന ഇന്ത്യന് നിര്മിത വിദേശമദ്യവുമായി മൂന്നു പേര് പിടിയില്. മൂന്നാര് മാങ്കുളം സ്വദേശികളായ സൈജു (40), മനോജ് (42), ബൈജു മാത്യു (41) എന്നിവരാണ് പിടിയിലായത്. ദേവികുളം എക്സൈസ് ഇന്സ്പെക്ടര് ടി.ജി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
എസ്റ്റേറ്റ് മേഖലയില് അനധികൃത വില്പ്പന നടത്താന് കൊണ്ടുപോകുമ്പോള് സൈലന്റ്വാലി റോഡിലാണ് 36 ലിറ്റര് മദ്യവുമായി പ്രതികള് പിടിയിലായത്. മദ്യം കടത്തുവാന് ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയില് എടുത്തു.
Kerala
തൃശൂർ: ചേലക്കര പോലീസ് സ്റ്റേഷനിൽ മദ്യസൽക്കാരം നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കുന്നംകുളം എസിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണറുടെ നടപടി.
തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു സ്റ്റേഷനിൽ പരിശോധന നടത്തിയത്. വ്യാഴാഴ്ച രാത്രി 11 ഓടെ വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി മൂന്നു ഉദ്യോഗസ്ഥരെയും കൈയോടെ പൊക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ, ഒരു ഗ്രേഡ് എസ്ഐയും രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരും മദ്യപിച്ചതായി കണ്ടെത്തി.
Kerala
തിരുവനന്തപുരം: കേരളത്തിലെ പുരുഷന്മാരിൽ മദ്യപാന ശീലം വർധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. സംസ്ഥാനത്തെ നാലിൽ ഒരു പുരുഷൻ മദ്യപിക്കുന്നവരാണെന്നാണ് 2023-24 വർഷത്തെ സർവേ വ്യക്തമാക്കുന്നത്. 2019-20-ലെ കഴിഞ്ഞ സർവേ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷന്മാരിലെ മദ്യപാന നിരക്കിൽ 14 ശതമാനത്തിന്റെ ആപേക്ഷിക വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 15 വയസിന് മുകളിലുള്ള പുരുഷന്മാരിൽ 22.7% പേർ മദ്യം കഴിക്കുന്നവരാണ്. മുൻപ് ഇത് 19.9% ആയിരുന്നു. ദേശീയ ശരാശരിയായ 18.9 ശതമാനത്തേക്കാൾ മുകളിലാണ് കേരളത്തിലെ നിരക്ക്. അതേസമയം, സംസ്ഥാനത്തെ സ്ത്രീകളിലെ മദ്യപാന നിരക്ക് 0.3% എന്ന വളരെ കുറഞ്ഞ അളവിലാണ്. രാജ്യത്ത് അരുണാചൽ പ്രദേശാണ് (50.5%) മദ്യപാനത്തിൽ ഒന്നാമത്. 43.9 ശതമാനവുമായി തെലങ്കാന തൊട്ടുപിന്നിലുണ്ട്. ഈ പട്ടികയിൽ 19-ാം സ്ഥാനത്താണ് കേരളം.
2005-06 കാലഘട്ടം മുതൽ സംസ്ഥാനത്ത് മദ്യപാന നിരക്കിൽ പ്രകടമായിരുന്ന കുറവാണ് പുതിയ സർവേയോടെ മാറിമറിഞ്ഞത്. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് മദ്യപിക്കുന്നവർ കൂടുതൽ. ഗ്രാമങ്ങളിൽ 23.7% പുരുഷന്മാരും നഗരങ്ങളിൽ 21.5% പേരും മദ്യപിക്കുന്നു. എന്നാൽ, ഈ സർവേ ഫലങ്ങൾ ബെവ്കോയുടെ മദ്യവിൽപ്പന കണക്കുകളുമായി പൂർണമായി പൊരുത്തപ്പെടുന്നില്ല.
2019-20-ൽ 3.35 കോടി കേസ് മദ്യം വിറ്റഴിച്ച സ്ഥാനത്ത് 2023-24-ൽ വിൽപ്പന 3.30 കോടി കേസുകളായി നേരിയ തോതിൽ കുറയുകയാണ് ചെയ്തത്. എങ്കിലും, മദ്യത്തിന്റെ വില വർധിപ്പിച്ചതിനെ തുടർന്ന് ബെവ്കോയുടെ ആകെ വരുമാനം 14,708 കോടി രൂപയിൽ നിന്നും 19,089 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ജനപ്രിയ ബ്രാൻഡുകൾക്ക് 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്.
500 മില്ലിക്ക് 10 മുതല് 20 രൂപ വരെ കുറവുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച മുതല് പുതിയ നിരക്ക് പ്രാബല്യത്തില് വരും. ബെവ്കോ നിർദ്ദേശം ഷോപ്പുകളിലെത്തി. സോഫ്റ്റ്വെയറിൽ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബിവറേജസ് കോർപ്പറേഷന് വ്യക്തമാക്കി.
Kerala
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് 124 ലിറ്റര് വിദേശമദ്യവുമായി സ്ത്രീ പിടിയില്. വീട്ടിലെ രഹസ്യ അറയില് സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള് കണ്ടെത്തിയത്. 52 കാരിയായ ശശികലയാണ് പിടിയിലായത്.
എക്സൈസ് സംഘം വീട്ടില് നടത്തിയ തെരച്ചിലലാണ് രഹസ്യ അറ കണ്ടെത്തുന്നത്. തുടര്ന്ന് നടത്തിയ പരിശോധനയില് മദ്യക്കുപ്പികള് കണ്ടെത്തുകയായിരുന്നു.
അനധികൃതമായി വില്പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു 124 ലിറ്റര് മദ്യം. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇന്സ്പെക്ടര് തന്സില് താഹയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Kerala
കല്പ്പറ്റ: വടുവന്ചാലില് വില്പ്പനക്കായി വീട്ടില് സൂക്ഷിച്ച മദ്യക്കുപ്പികളുമായി ഒരാൾ എക്സൈസ് പിടിയിൽ. വടുവന്ചാല് കരിങ്ങലോട് വീട്ടില് കെ.എം. മണികണ്ഠന് (54) ആണ് അറസ്റ്റിലായത്.
വയനാട് എക്സൈസ് ഇന്റലിജന്സ് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി നാര്ക്കോട്ടിക് സ്പെഷല് സ്ക്വാഡ് വടുവന്ഞ്ചാല് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്പ്പനയ്ക്കായി സൂക്ഷിച്ച 16.5 ലിറ്റര് മദ്യം പിടികൂടിയത്.
എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി നാര്കോട്ടിക് സ്പെഷല് സ്ക്വാഡിലെ പ്രിവന്റ്റീവ് ഓഫീസര് കെ.ജി. വിജിത്തിന്റെ നേതൃത്വത്തില് ആയിരുന്നു പരിശോധന.
Kerala
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിലെ ആദിവാസി ഊരുകളില് മദ്യവില്പ്പന നടത്താന് ശ്രമിച്ചയാള് പിടിയില്. കുട്ടമ്പുഴ ഞായപ്പള്ളി സ്വദേശി ഷാജന് ആണ് 15 ലിറ്റര് ഇന്ത്യന് നിര്മ്മിത വിദേശ മദ്യവുമായി അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഷാജന് പിടിയിലായത്. മദ്യം കടത്താന് ഉപയോഗിച്ച ജീപ്പും പോലീസ് കസ്റ്റഡിയില് എടുത്തു.
ബ്ലാവന കാട്ടുപാതയിലൂടെ കിലോമീറ്ററുകള് താണ്ടിയാണ് ഇയാള് ആദിവാസി ഊരുകളിലേക്ക് എത്തിയിരുന്നത്. ഇരട്ടി വില ഈടാക്കിയാണ് മദ്യം ആദിവാസികള്ക്ക് വിറ്റിരുന്നത്.
District News
അരൂർ: അനധികൃത മദ്യവില്പന നടത്തിയ അരൂർ പഞ്ചായത്ത് വാർഡ് 18ലെ അങ്കമാലി വെളി വീട്ടിൽ സന്തോഷി(65)നെ കുത്തിയതോട് എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് മൂന്നര ലിറ്റർ വിദേശ മദ്യവും മദ്യം വിറ്റു കിട്ടിയ 600 രൂപയും കണ്ടെടുത്തു.
ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ പി. ജഗദീശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചേർത്തല മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. സാനു, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ് കുമാർ, പി. പ്രദീഷ്, റംഷി അറക്കൽ റഹിം എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Kerala
ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലയളവിൽ എക്സൈസ് നടത്തി വരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ വാറ്റും ചാരായവുമായി ഒരാൾ അറസ്റ്റിലായി.
ആര്യാട് തെക്ക് വില്ലേജിൽ കാഞ്ഞിരം ചിറ പള്ളിക്കൽ തയ്യിൽ വീട്ടിൽ പീറ്റർ ബെന്നി (54) ആണ് പിടിയിലായത്.
പ്രതിയുടെ വീട്ടിൽ നിന്ന് 50 ലിറ്റർ കോടയും 500 മില്ലി ലിറ്റർ ചാരായവും വാറ്റാനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെടുത്തു. സംഭവസ്ഥലത്തുവച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും കേരള അബ്കാരി നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അനുവദിച്ചത് എന്തെന്ന ചോദ്യത്തിന് ആദ്യം ഉത്തരം നൽകാൻ കഴിയുന്നത്, ബാറുകൾ എന്നാണ്. 2016 മേയ് മാസം മുതൽ 2026 ഫെബ്രുവരി വരെ സംസ്ഥാനത്തു പുതുതായി പ്രവർത്തനം തുടങ്ങിയത് 855 ബാറുകളാണ്.
മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കുമെന്നു വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്താണ് ബാറുകൾ വ്യാപകമായി അനുവദിച്ചത്.
യുഡിഎഫിന്റെ ഉമ്മൻ ചാണ്ടി സർക്കാർ 2016 മേയിൽ അധികാരമൊഴിയുന്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഫൈവ് സ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകൾക്കായിരുന്നു ബാർ അനുവദിച്ചിരുന്നത്. ഇതിനു താഴെയുള്ള എല്ലാ ഹോട്ടലുകളിലെയും ബാറുകൾ അവസാനിപ്പിച്ചിരുന്നു. നിലവാരമില്ലാത്ത മുഴുവൻ ബാറുകളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയിരുന്നു.
ഇപ്പോൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നത് 884 ബാറുകളാണ്. ത്രീ-ഫോർ സ്റ്റാർ ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കി ഉയർത്തിയിട്ടും ലൈസൻസ് ഫീസ് ഉയർത്താത്തത് ഏറെ ദുരൂഹമാണ്.
പഞ്ചനക്ഷത്രത്തിലും അതിനു മുകളിലുമുള്ള ഹോട്ടലുകളിലെ ബാറുകൾക്ക് പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാം. എന്നാൽ, സർക്കാരിന് ഏറെ വരുമാനമുണ്ടാക്കുന്ന ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളുടെ എണ്ണത്തിൽ നേരിയ വർധന മാത്രമാണു വരുത്തിയത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് സംസ്ഥാനത്താകെ 309 ബിവറേജസ് ഔട്ട്ലെറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 336 ഔട്ട്ലെറ്റുകളാണുള്ളത്. കള്ളുഷാപ്പുകളുടെ എണ്ണത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് കുറവുണ്ടായി. 5177 കള്ളുഷാപ്പുകളാണ് യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 5171 ആയി കുറഞ്ഞു.
എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടെ സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്ന തരത്തിൽ വൈദ്യുതി ചാർജ് ആറു തവണ കൂട്ടുകയും വെള്ളക്കരം മൂന്നിരട്ടിയോളം വർധിപ്പിക്കുകയും ചെയ്തിരുന്നു. കെട്ടിട നികുതിയും വസ്തു നികുതിയും ഓരോ വർഷവും വർധിപ്പിച്ചു സാധാരണക്കാർക്ക് താങ്ങാവുന്നതിനു മുകളിലാക്കി. ബസ് ചാർജും വർധിപ്പിച്ചു.
സർക്കാർ ആശുപത്രികളിലേത് അടക്കമുള്ള സേവന നിരക്കുകളും കുത്തനെ ഉയർത്തിയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന ക്രമാതീതമായി കുറഞ്ഞുവരികയാണെന്നു മന്ത്രി എം.ബി. രാജേഷ്. കണക്കുകൾ പരിശോധിച്ചാൽ അങ്ങനെയാണു മനസിലാകുന്നത്.
സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചിട്ടില്ല. സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ മദ്യ ഉപഭോഗം കൂടേണ്ടതാണ്.
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം നോക്കിയാണു സർക്കാർ മദ്യനയം നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: നിരവധി പെട്രോൾ പമ്പ് കവർച്ചക്കേസുകളിൽ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയിൽ. കോഴിക്കോട് കുന്നമംഗലം സ്വദേശി അവിനാഷ് (48) ആണ് എറണാകുളത്ത് നിന്നും പിടിയിലായത്.
മുനമ്പത്ത് മോഷണം നടത്തി മാല്യങ്കര വഴി തിരിച്ചു പോകവേ മോഷണം മുതലിൽ പെട്ട മദ്യം സേവിച്ച് പൂസായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പുലർച്ചെ പള്ളിപ്പുറം മുനമ്പം ഭാഗത്ത് മോഷണത്തിനിറങ്ങിയ പ്രതി മുനമ്പം അങ്ങാടിയിലെ ആരാധന ഹോട്ടലിൽ നിന്ന് 400 രൂപയും സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് 25,000 രൂപയും കവർന്നിരുന്നു. മോഷണത്തിനിടെ ഹോട്ടലിൽ നിന്നും കവർന്ന മദ്യം കുടിച്ച ശേഷമാണ് മോഷ്ടാവ് സ്ഥലംവിട്ടത്.
മാല്യങ്കര ഭാഗത്ത് വച്ച് സംശയാസ്പദമായി കണ്ട ഇയാളെ ഓട്ടോറിക്ഷ ഡ്രൈവർ ഷൈബു, വാർഡ് മെമ്പർ ബിൻഷാദ്, പ്രദേശവാസി വിഷ്ണു എന്നിവർ ചേർന്ന് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്രതിയുടെ കൈയിൽ കണ്ടെതിനെ തുടർന്ന് സംശയം തോന്നിയ ഇവർ ഉടൻ മുനമ്പം പോലീസിന് വിവരം അറിയിക്കുകയായിരുന്നു.
പമ്പുടമ നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതിയാക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു. ഉടൻ പോലീസ് സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞതോടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് നിരവധി പെട്രോൾ പമ്പ് കവർച്ച കേസിൽ പ്രതിയാണ് ഇയാൾ. കവർച്ച നടത്തി മുങ്ങുകയാണ് പ്രതിയുടെ പതിവ്.
Kerala
ആലപ്പുഴ: കേരളത്തിലെ ഇപ്പോഴത്തെ പുതിയ മദ്യനയം മദ്യപിയ്ക്കാത്തവരെയും കുടിയാന്മാരാക്കുന്ന നയമാണെന്നും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിണറായി സർക്കാരിന്റെ മദ്യനയം തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
മദ്യാധികാര വാഴ്ചയ്ക്കെതിരെ ജനാധികാര മുന്നേറ്റം എന്ന മുദ്രാവാക്യവുമായും ഇടതു സർക്കാരിന്റെ പുതിയ മദ്യനയം തിരുത്തണമെന്നും ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ 2024 ഓഗസ്റ്റ് 15 ന് തുടങ്ങി 561 ദിവസമായി തുടരുന്ന അനശ്ചിത കാല സത്യാഗ്രഹത്തിന്റെ താത്കാലിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുകളുടെ എണ്ണവും മദ്യത്തിന്റെ ലഭ്യതയും കുറച്ചത് പോലെ മദ്യനയം തിരുത്തുമെന്നും സതീശൻ പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സമ്മേളനത്തിൽ വച്ച് മുഖ്യ സത്വാഗ്രഹികളായ ബി.ആർ. കൈമൾ കരുമാടി, ലത കൈമൾ കരുമാടി, ജി. രാധാകൃഷ്ണൻ, ഉമ്മൻ ജെ.മേടാരം എന്നിവരെ സതീശനും ബിഷപ്പ് ഡോ. ജോഷ്യാ മാർ ഇഗ്നാത്തിയോസും ചേർന്ന് ആദരിച്ചു.
Kerala
കോഴിക്കോട്: ബാറുകളുടെ പ്രവര്ത്തനസമയം രാത്രി 12വരെ വര്ധിപ്പിച്ച സര്ക്കാര് തീരുമാനം കടുത്ത വഞ്ചനയാണെന്നു കേരള മദ്യനിരോധന സമിതി.
ഈ സര്ക്കാര് അധികാരത്തിലേറിയതില് പിന്നെ ബാറുകളുടെ കാര്യത്തില് മാത്രമാണു വികസനമുണ്ടായതെന്നും എല്ഡിഎഫ് സര്ക്കാര് ലിക്കര് ഡിസ്ട്രിബ്യൂട്ടറി ഫ്രണ്ടായി മാറിയെന്നും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് വാര്ത്താ സമ്മേളനത്തില് വിമര്ശിച്ചു.
അബ്കാരികളെ പ്രീണിപ്പിച്ച പിണറായി സര്ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ മദ്യാനുകൂല നടപടിയാണ് ബാറുകളുടെ സമയം ദീര്ഘിപ്പിച്ചതിലൂടെ വ്യക്തമായത്. മന്ത്രിസഭ പോലും അറിയാതെ ബാര് സമയം വര്ധിപ്പിച്ചതിനു പിന്നില് സര്ക്കാരിന്റെ സാമ്പത്തിക താത്പര്യം മാത്രമാണുള്ളത്.
സംസ്ഥാനത്തെ ബാറുകളില് ഇപ്പോള് വില്ക്കുന്നത് കണക്കില്പ്പെടാത്ത, നികുതിയടയ്ക്കാത്ത മദ്യമാണ്. ടൂറിസ്റ്റുകളുടെ താത്പര്യമാണ് സമയവര്ധനവിന് പിന്നിലെന്ന് പറയുന്നതു സര്ക്കാരിന്റെ സാമ്പത്തിക താത്പര്യം മറിച്ചുപിടിക്കാനുള്ള കപടതന്ത്രമാണ്. പാര്ട്ടി ഫണ്ടിലേക്ക് പണം ശേഖരിക്കാനുള്ള പ്രധാന സ്രോതസായി എക്സൈസ് വകുപ്പ് മാറി. തുടര്ഭരണ സാധ്യതയില്ലെന്ന് ബോധ്യമായതോടെ കടുംവെട്ട് നടത്തുകയാണ് സര്ക്കാരെന്നും ജനവഞ്ചന നടപടികള്ക്ക് കടുത്ത തിരിച്ചടി ലഭിക്കുമെന്നും ഭാരവാഹികള് പറഞ്ഞു.
വാര്ത്താസമ്മേളനത്തില് ഡോ. വിന്സെന്റ് മാളിയേക്കല്, പ്രഫ. ഒ.ജെ. ചിന്നമ്മ, പ്രഫ. ടി.എം. രവീന്ദ്രന്, ഇയ്യച്ചേരി പത്മിനി എന്നിവര് പങ്കെടുത്തു.
Kerala
കൊച്ചി: ജൂണിയര് ആര്ട്ടിസ്റ്റ് 52 ലിറ്റര് മദ്യവുമായി സിനിമ പിടിയില്. തിരൂരങ്ങാടി സ്വദേശി അല്ക്കൂ എന്ന ഷെഫീക്കിനെയാണ് മദ്യവുമായി എക്സൈസ് പിടികൂടിയത്. കൊച്ചി നഗരത്തില് രാത്രി 12ന് ശേഷം ആവശ്യക്കാര്ക്ക് ഇയാള് മദ്യം എത്തിച്ച് നല്കിയിരുന്നതായി എക്സൈസ് കണ്ടെത്തിതിനെത്തുടർന്നാണ് നടപടി.
Kerala
കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച പാലക്കാട് മലബാര് ഡിസ്റ്റിലറീസിന്റെ നടപടിയെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണര് എം.ആര്. അജിത്കുമാറിന്റെ സത്യവാങ്മൂലം.
മലബാര് ഡിസ്റ്റിലറീസ് പരസ്യം നല്കുമ്പോള് പുതിയ ബ്രാന്ഡിനുള്ള ലൈസന്സ് നല്കിയിരുന്നില്ല. നിലവിലുള്ള ഒരു ലഹരി ഉത്പന്നത്തിന്റെ ഉപഭോഗമോ വില്പനയോ പ്രോത്സാഹിപ്പിച്ച് പരസ്യം നല്കുന്നതാണ് അബ്കാരി ആക്ട് പ്രകാരം കുറ്റകരമാകുക. നിര്ദേശങ്ങള് ക്ഷണിക്കുന്നതില് നിയമലംഘനമില്ല.
ആരോപിക്കപ്പെടുന്ന പരസ്യത്തില് പുതിയ മദ്യത്തിന്റെ പേരോ ലേബലോ കുപ്പിയോ പ്രദര്ശിപ്പിച്ചിട്ടില്ല. അതിനാല് പരസ്യം ചട്ടവിരുദ്ധമല്ലെന്നുമാണ് സത്യവാങ്മൂലത്തില് പറയുന്നത്. ഭാവി ഉത്പന്നങ്ങള് വിപണിയിലിറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള് നിയമപ്രകാരം അനുവദനീയമാണെന്നും കമ്മീഷണര് വ്യക്തമാക്കി.
പരസ്യം മദ്യ ഉപയോഗത്തിനു പ്രേരണയാകുമെന്ന് ചൂണ്ടിക്കാട്ടി മലബാര് ഡിസ്റ്റിലറീസിന്റെ നടപടി ഹൈക്കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തതിനു പിന്നാലെയാണ് സത്യവാങ്മൂലം പുറത്തുവന്നത്. പരസ്യം നല്കിയതുമായി ബന്ധമില്ലെന്നായിരുന്നു ബിവറേജസ് കോര്പറേഷന് കോടതിയെ അറിയിച്ചിരുന്നത്.
കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് എം.എം. സഞ്ജീവ് കുമാറാണു ഹര്ജിക്കാരൻ.
Kerala
കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ലെന്ന് ബെവ്കോ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നൽകി.
പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനും, ബെവ്കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ബെവ്കോയുടെ വാർത്താക്കുറിപ്പ് ചോദ്യം ചെയ്താണ് ഹർജി.
പരസ്യം നൽകിയിട്ടില്ലെന്നും നിലവിൽ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാൽ പുതിയ ബ്രാൻഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ ബെവ്കോ വ്യക്തമാക്കി.
നേരത്തെ, പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു ബെവ്കോ അറിയിച്ചിരുന്നത്.
District News
നെടുമങ്ങാട്: പൂവച്ചലിലും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കൊണ്ടുനടന്നു ചാരായം വിൽപ്പന നടത്തിയിരുന്നവർ എക്സൈസിന്റെ പിടിയിലായി. ഡ്രൈ ഡേ കളിലും വിശേഷദിവസങ്ങളിലും രഹസ്യമായി ചാരായം വില്പന നടത്തിയിരുന്ന പ്രേം നവാസ്, പൊടിയൻ എന്ന പ്രദീപ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.
ഇവർ ചാരായം കടത്തുവാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പൊടിയൻ എന്നയാൾക്കെതിരേ എക്സൈസ് കമ്മീഷണറുടെ പരാതിസെല്ലിൽ ലഭിച്ച പരാതി യെത്തുടർന്നാണ് ആര്യനാട് എക്സൈസ് പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. ഡ്രൈ ഡേ ആയിരുന്ന കഴിഞ്ഞദിവസം രാത്രി എട്ടോടെ പൂവച്ചൽ ഹൈസ്കൂളിനു സമീപം റോഡരുകിൽ വച്ചാണ് എക് സൈസ് പാർട്ടി പ്രതികളുടെ ഓട്ടോറിക്ഷ തടഞ്ഞ് ഇവരെ പിടികൂടിയത്. ഈ സമയം ഇരുവരുടെയും കൈവശവും ഓട്ടോറിക്ഷയിലുമായി 11 ലിറ്റർ ചാരായം,
അര ലിറ്റർ കൊള്ളുന്ന മിനറൽ വാട്ടർ കുപ്പികളിൽ നിറച്ചു വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിലയിൽ കണ്ടെടുത്തു. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്നതിനനുസരിച്ച് ചാരായം എത്തിക്കുന്നതാണ് ഇവരുടെ രീതി. പോളിയോ ബാധിച്ചതിനെത്തുടർന്ന് ഇരുകാലുകളും തളർന്ന പൊടിയൻ അബ്കാരി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല.
ആര്യനാട് എക്സൈസ് ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നാസറുദീൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ, ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, അഖിൽ എന്നിവരടങ്ങിയ എക് സൈസ് സംഘമാണ് പ്രതി കളെ പിടികൂടിയത്.
Kerala
കണ്ണൂര്: മദ്യവില്പന ഗണ്യമായി കുറഞ്ഞതിന്റെയും സുരക്ഷാവ്യവസ്ഥകള് പാലിക്കാത്തതിന്റെയും പേരില് ബിവറേജസ് കോര്പറേഷന് ഉദ്യോഗസ്ഥനെതിരെ കര്ശന നടപടി. കണ്ണൂര് പാറക്കണ്ടിയിലെ ബിവറേജസ് ചില്ലറ വില്പനശാലയിലെ ഷോപ്പ് ഇന്ചാര്ജ് വി.സുബീഷിനാണ് കോര്പറേഷന് നോട്ടീസ് നല്കിയത്.
ഇന് ചാര്ജായ ഉദ്യോഗസ്ഥന് ഓര്ഡിനറി കൗണ്ടറിലും ഗോഡൗണ് ഏരിയയിലും സിസിടിവി സ്ഥാപിച്ചില്ലെന്നാണ് പ്രധാന ആരോപണം. ഇത് കോര്പറേഷന് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അധികൃതര് വ്യക്തമാക്കി.
കൂടാതെ, 2023 ഫെബ്രുവരി മുതല് 2024 ജനുവരി വരെയുള്ള വില്പന കണക്കുകളും 2024 ഫെബ്രുവരി മുതല് 2025 ജനുവരി വരെയുള്ള വില്പനയും താരതമ്യപ്പെടുത്തിയപ്പോള് 10.16 ശതമാനം വില്പന കുറഞ്ഞതായി കണ്ടെത്തി. കോര്പറേഷന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്.
ഗുരുതരമായ മേല്നോട്ടക്കുറവും കര്ത്തവ്യവീഴ്ചയും കോര്പറേഷന് ചട്ടങ്ങളുടെ ലംഘനവും നടത്തിയതിനാലാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന് തീരുമാനിച്ചതെന്ന് കുറ്റാരോപണ പത്രികയില് വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പുതിയതായി നിര്മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്ദേശിക്കാന് പൊതുജനങ്ങള്ക്ക് പാരിതോഷികം നല്കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും അതിനാൽ പിന്വലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.
"സരോഗേറ്റ് അഡ്വര്ടൈസ്മെന്റ്' ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാന്ഡിന് പേരും ലോഗോയും നിര്ദേശിക്കാനുള്ള അവസരം കുട്ടികള്ക്ക് പോലും തെറ്റായ സന്ദേശം നല്കും. ഈ നടപടി പിന്വലിക്കാതെ ഒരടി മുന്നോട്ട് പോകാന് അനുവദിക്കില്ല.'-കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.
കഴിഞ്ഞ 10 വര്ഷമായി മദ്യവര്ജ്ജനം പറയുന്ന സര്ക്കാര് പുതുവര്ഷം കൊഴുപ്പിക്കാന് ബാറുകളുടെ സമയം വര്ദ്ധിപ്പിച്ചതും, അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിന്റെയും ദുരിതവും ദുരന്തവും പേറുന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് ഈ സര്ക്കാര്.
പ്രാദേശിക സര്ക്കാരുകളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനമനസ്സുകളില് ഈ സര്ക്കാര് ഒരു "കെയര്ടേക്കര് സര്ക്കാര്' മാത്രമാണ്. നാലുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മനസ്സൊരുക്കുന്ന വോട്ടര്മാരുടെയിടയില് ജനദ്രോഹ നയങ്ങള്ക്കെതിരെ ശക്തമായ ചിന്തയുണ്ടാകും.
"മുക്കിന് മുക്കിന് മദ്യശാലകള്' അനുവദിക്കുകയും മുട്ടുശാന്തിക്ക് മദ്യവര്ജ്ജനം പറയുകയും ചെയ്യുന്നവര് മലയാളിയുടെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ 10 വര്ഷമായി പ്രകടനപത്രികയെ തള്ളിപ്പറഞ്ഞവര്ക്ക് മറ്റൊരു പ്രകടന പത്രികയും, ജാഥയും നടത്താനുള്ള ധാര്മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.'-കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.
Kerala
കണ്ണൂർ: മദ്യത്തിന്റെ അളവുകുറച്ച് നൽകിയ സംഭവത്തിൽ ബാറിന് പിഴ ഈടാക്കി. 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം ഉപയോഗിച്ച സംഭവത്തിൽ കണ്ണൂര് പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25,000 രൂപ പിഴയിട്ടു.
ബാറിലെത്തി മദ്യപിക്കുന്നവര്ക്ക് ആദ്യത്തെ രണ്ട് പെഗ് നൽകുന്നത് അളവ് കൃത്യമായിട്ടാണ്. മദ്യപിക്കുന്നയാൾ ഫിറ്റായിയെന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട് 48 മില്ലിയുടെ പാത്രം ഉപയോഗിക്കും. 30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ.
ബാറുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര് ഭാഗങ്ങളിലുള്ള ബാറുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
Kerala
മലപ്പുറം: നിലമ്പൂര് എക്സൈസ് സര്ക്കിള് ഓഫീസിന്റെ ഇടനാഴിയില് നിന്ന് രണ്ടേമുക്കാല് ലിറ്റര് കണക്കില്പ്പെടാത്ത മദ്യം കണ്ടെടുത്തു. ഇടനാഴിയിലെ ടയറുകള്ക്കിടയില് ഹണിബീയുടെ നാല് കുപ്പികളും ജവാന് ട്രിപ്പിള്എക്സ് റമ്മുമാണ് പിടിച്ചെടുത്തത്.
മലപ്പുറം പോലീസ് വിജിലന്സ് ഇന്സ്പെക്ടര്മാരായ ജ്യോതീന്ദ്രകുമാറിന്റെയും സന്ദീപ് കുമാറിന്റെയും നേതൃത്വത്തില് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. സംസ്ഥാനത്തെ മുഴുവന് ബാറുകളിലും പോലീസ് വിജിലന്സ് നടത്തുന്ന പരിശോധനയുടെ ഭാഗമായി നിലമ്പൂരിലെ രണ്ട് ബാറുകളിലും പരിശോധന നടത്തി.
എന്നാൽ അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. തുടര്ന്നാണ് നിലമ്പൂര് മിനി സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന എക്സൈസ് സര്ക്കിള് വിഭാഗം ഓഫീസില് പരിശോധന നടത്തിയത്. പരിശോധനാ റിപ്പോര്ട്ട് വിജിലന്സ് ഡയറക്ടര്ക്ക് കൈമാറും.
Kerala
തിരുവനന്തപുരം: ക്രിസ്മസ് വാരത്തിൽ ബെവ്കോയിൽ റിക്കാർഡ് മദ്യവിൽപ്പന. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 332.62 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്.
24 -ാം തീയതി 114.45 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടർ സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശൂരും കോഴിക്കോടും പ്രീമിയം കൗണ്ടറുകൾ തുറന്നിരുന്നു. ഇത് വില്പ്പനയിലെ വർധനവിന് കാരണമായി.
അതേസമയം ബെവ്കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി ജനുവരി ഒന്ന് മുതൽ പൂർണ തോതിൽ പ്രാബല്യത്തിൽ വരുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
Kerala
കൊല്ലം: പള്ളിത്തോട്ടത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ കെഎസ്യു നേതാവ് ടോജിൻ ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ലഹരി വിൽപ്പന നിരീക്ഷിക്കാൻ എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ രാജീവിന്റെ തലയ്ക്ക് പരിക്കേറ്റു.
എഎസ്ഐ ശ്രീജിത്തിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. പള്ളിത്തോട്ടം സ്റ്റേഷനിലെ പോലീസുകാർക്കാണ് പരിക്കേറ്റത്.
National
അമരാവതി: ആന്ധ്രാപ്രദേശ് മദ്യഅഴിമതിക്കേസിൽ മുൻമന്ത്രിയും വൈഎസ്ആർ സിപി നേതാവുമായ ജോഗി രമേശ് അറസ്റ്റിൽ. എൻടിആർ ജില്ലയിലെ ഇബ്രാഹിംപട്ടണത്തിലെ വസതിയിൽ വച്ച് എസ്ഐടി(സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം) ആണ് ജോഗി രമേശിനെ അറസ്റ്റ് ചെയ്തത്.
നിരവധി രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വസതിയിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു.
ഏകദേശം രണ്ട് മണിക്കൂറോളം വസതിയിൽ പരിശോധന നടത്തിയ ശേഷമാണ്, ജോഗി രമേശിനെയും അനുയായി അരേപ്പള്ളി രാമുവിനെയും കസ്റ്റഡിയിലെടുത്തത്. തുടർനടപടികൾക്കായി ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
കേസിൽ വൈഎസ്ആർ സിപിയിലെ നിരവധി നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ അദ്ദേപ്പള്ളി ജനാർദ്ദന റാവുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തുന്നതും കുറ്റക്കാരെ അറസ്റ്റ് ചെയ്തതും.
Kerala
കോട്ടയം: ജില്ലയിലെ തന്നെ വലിയ അനധികൃത മദ്യവിൽപ്പനക്കാരൻ പിടിയിൽ. സെലിബ്രെഷൻ സാബു എന്നു വിളിക്കുന്ന തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ് ചാർലി തോമസ് (47) ആണ് എക്സൈസിന്റെ പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നാലുകോടി വളയംകുഴി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ അറസ്റ്റിലായത്.
വളയം കുഴി മോസ്കോ ഭാഗത്ത് റബർ കമ്പനികളും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രികരിച്ച് വ്യാജമദ്യ വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻപ് നിരവധി തവണ പരിശോധനകൾ നടത്തിയെങ്കിലും മദ്യ ശേഖരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഷാഡോ എക്സൈസ് അംഗങ്ങളായ കെ. ഷിജു , പ്രവീൺ കുമാർ എന്നിവർ കമ്പനി സെയിൽസ് എക്സിക്യൂട്ടിവ് എന്ന വ്യാജേന ആഴ്ചകളോളം ഈ ഭാഗത്ത് നടത്തിയ രഹസ്യാന്വേഷണത്തിന് ഒടുവിലാണ് പ്രതി ചാർളിയുടെ വ്യാജ മദ്യ ഗോഡൗൺ കണ്ടെത്താൻ കഴിഞ്ഞത്.
204 കുപ്പികളിൽ നിന്നായി 102 ലിറ്റർ മദ്യം പ്രതിയിൽ നിന്ന് കണ്ടെടുത്തു. 400 രൂപയുടെ മദ്യം 550 രൂപ നിരക്കിൽ ദിവസം 150 കുപ്പിയോളം വിറ്റു വന്നിരുന്നു.
Editorial
പാലക്കാട് എലപ്പുള്ളിയിൽ കുടിവെള്ളം മുട്ടിക്കുന്ന മദ്യനിർമാണശാല സ്ഥാപിക്കരുതെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം കരുത്താർജിക്കുകയാണ്. ദിവസങ്ങൾക്കുമുന്പ്, ശുചീകരണപ്രവർത്തനങ്ങൾക്ക് എന്നു പറഞ്ഞെത്തിയ മദ്യക്കന്പനിക്കാരെ ജനം തടഞ്ഞിരുന്നു. ഇന്ന്, പ്രദേശത്ത് സംസ്ഥാനതല സമ്മേളനം നടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നു മദ്യനിർമാണത്തിനുള്ള സ്പിരിറ്റ് വാങ്ങുന്നതിന്റെ നഷ്ടം ഒഴിവാക്കാമെന്നതാണ് സർക്കാരിന്റെ ന്യായം.
അതായത്, ഇപ്പോൾതന്നെ അമിതലാഭമുള്ള മദ്യക്കച്ചവടത്തെ കൊള്ളസങ്കേതമാക്കാനുള്ള ചതുരുപായങ്ങളിലാണ് സർക്കാർ. മദ്യവും മയക്കുമരുന്നും കേരളത്തിന്റെ ഏറ്റവും വലിയ ശാപമായി മാറിയതുപോലും സർക്കാരിനെ പിന്തിരിപ്പിക്കുന്നില്ല. ക്ഷേമത്തേക്കാൾ ലാഭത്തിനു പ്രാധാന്യം കൊടുക്കുന്ന ഈ നിലപാടിൽനിന്നു സർക്കാർ പിന്തിരിയണം. മദ്യക്കന്പനിയെ വാഴിക്കാൻ എലപ്പുള്ളിക്കാരെ വീഴിക്കരുത്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി ഗ്രാമപഞ്ചായത്തില് 600 കോടി നിക്ഷേപത്തില് വന്കിട മദ്യനിര്മാണത്തിനാണ് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് എക്സൈസ് വകുപ്പ് അനുമതി നല്കിയത്. പഞ്ചായത്തിനോട് ആലോചിക്കുകപോലും ചെയ്യാതെയുള്ള സർക്കാർ തീരുമാനം അറിഞ്ഞതുമുതൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. കോൺഗ്രസും ബിജെപിയും ജനങ്ങൾക്കൊപ്പമുണ്ട്.
നാലു ഘട്ടമായി 500 കിലോ ലിറ്റര് ശേഷിയുള്ള എഥനോള് പ്ലാന്റ്, മള്ട്ടി ഫീഡ് ഡിസ്റ്റിലേഷന് യൂണിറ്റ്, ഇന്ത്യന് നിര്മിത വിദേശ മദ്യ യൂണിറ്റ്, ബ്രൂവറി, മാള്ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവയുള്പ്പെട്ട മദ്യനിർമാണ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. മദ്യനിര്മാണത്തിനാവശ്യമായ ഏകദേശം 80 ലക്ഷം ലിറ്റര് സ്പിരിറ്റ് പ്രതിമാസം മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, കര്ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില് നിന്നാണ് കേരളത്തിലേക്കു കൊണ്ടുവരുന്നത്.
ഇതുകാരണം ജിഎസ്ടിയിൽ 210 കോടിയുടെ നഷ്ടമുണ്ടെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. നിലവിൽ കിട്ടുന്ന 16,000 കോടിയിലധികം രൂപയുടെ മദ്യലാഭത്തിലേക്ക് ഇതുകൂടി ചേർക്കാൻ ജലദൗർലഭ്യമുള്ള ഗ്രാമത്തെ ഒരു മദ്യക്കന്പനിക്കു വിൽക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
മലയാളിയെ അനാരോഗ്യത്തിലേക്കും അക്രമാസക്തിയിലേക്കും കുടുംബത്തകർച്ചകളിലേക്കും വലിച്ചെറിയുന്ന മദ്യവിൽപനയിലൂടെ സർക്കാരിനു കിട്ടുന്ന ലാഭം നിസാരമല്ല. കഴിഞ്ഞ സാമ്പത്തിക വര്ഷം കേരളത്തില് നടന്നത് 19,561.85 കോടിയുടെ മദ്യവില്പനയാണ്. 2023-24ൽ ഇത് 19,088.68 കോടിയും 2022-23ല് 18,510.98 കോടിയുമായിരുന്നു. വിൽക്കുന്നതിന്റെ ഒട്ടുമുക്കാലും ലാഭമണ്. അതായത്, നികുതിയിനത്തില് ഖജനാവിലേക്കെത്തുന്ന വരുമാനം വർഷം ഏകദേശം 17,000 കോടിയോട് അടുത്തു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതുമുതൽ 2025 മാർച്ച് 31 വരെ ബാർ ലൈസൻസ് ഫീസിനത്തിൽ ഖജനാവിലെത്തിയത് 1,225.70 കോടി രൂപ. ഇതൊന്നും പോരാഞ്ഞിട്ടാണ് സ്പിരിറ്റ് ഇറക്കുമതിയുടെ 210 കോടി ലാഭിക്കാൻ എലപ്പുള്ളിയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത്. മദ്യക്കന്പനി പൂർണമായി പ്രവർത്തനസജ്ജമായാൽ പ്രതിദിനം വേണ്ടിവരുന്നത് അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ്.
ഭൂവിനിയോഗം, നെൽവയൽ തണ്ണീർത്തട സംരക്ഷണം, കുടിവെള്ളവിതരണം, മാലിന്യനിർമാർജനം എന്നിവ പൂർണമായും പഞ്ചായത്തിന്റെ അധികാരപരിധിയിലാണെങ്കിലും അതിനെയൊക്കെ മറികടന്നാണ് മന്ത്രിസഭ മദ്യക്കന്പനിക്കുവേണ്ടി തീരുമാനമെടുത്തത്. അനുമതി കൊടുത്തത് സുതാര്യമായിട്ടല്ലെന്ന ആരോപണവുമുണ്ട്.
കന്പനി പുറംതള്ളുന്ന മാലിന്യം എങ്ങനെ സംസ്കരിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ മറുപടിയില്ല. ഭൂഗർഭജലമല്ല, മലന്പുഴ ഡാമിൽനിന്ന് എത്തിക്കുന്ന ജലമാണ് കന്പനി ഉപയോഗിക്കുന്നതെന്ന സർക്കാരിന്റെ വിശദീകരണം ഘടകകക്ഷിയായ സിപിഐ പോലും മുഖവിലയ്ക്കെടുത്തിട്ടില്ല. തമിഴ്നാടിനോട് ചേര്ന്നുകിടക്കുന്ന വരണ്ട പ്രദേശമായതിനാല് എലപ്പുള്ളിയിൽ നെല്ക്കൃഷിക്കു വെള്ളം തീരെയില്ല. പലരും കൃഷി ഉപേക്ഷിച്ചു.
കുടിവെള്ളത്തിനും ക്ഷാമമാണ്. പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ച സ്വാഗതസംഘവും കർഷക, പരിസ്ഥിതി, മനുഷ്യാവകാശ, മദ്യവിരുദ്ധ, ഗാന്ധിയൻ സംഘടനകളും ചേർന്നു രൂപീകരിച്ച ‘ഗാന്ധിയൻ സ്ട്രഗ്ൾ എഗെൻസ്റ്റ് പ്രൊപ്പോസ്ഡ് ബ്രൂവറി അറ്റ് എലപ്പുള്ളി’ എന്ന പ്രസ്ഥാനമാണ് ഇന്നു സംസ്ഥാനതല സമ്മേളനം സംഘടിപ്പിക്കുന്നത്. പദ്ധതിക്കു നൽകിയ പ്രാഥമികാനുമതി റദ്ദാക്കണമെന്നു ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി അതിനു കടകവിരുദ്ധമായ ഭരണമാണ് നടത്തുന്നത്. എലപ്പുള്ളിയിൽ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ ജനങ്ങൾ അതൃപ്തരാണ്. സിൽവർലൈനിനുവേണ്ടി ആയിരക്കണക്കിനു മനുഷ്യരുടെ ഭാവി അനിശ്ചതത്വത്തിലാക്കിയതുപോലെയുള്ള അപക്വമായ നടപടിയായി ഇതും മാറരുത്.
ലോകകന്പനിയായ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത് പ്ലാച്ചിമടയിലെ ആദിവാസികൾ ഉൾപ്പെടുന്ന പാവങ്ങളായിരുന്നു. പഞ്ചായത്തുകളെ മറികടന്ന് തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കാം. പക്ഷേ, ജനവിരുദ്ധ തീരുമാനങ്ങളെടുക്കുന്ന മന്ത്രിസഭകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ജനാധിപത്യം അതിനും മുകളിലാണെന്നു മറക്കരുത്. സിംഗൂരിലും നന്ദിഗ്രാമിലും അതിന്റെ സ്മാരകങ്ങളുണ്ട്; ധാർഷ്ട്യത്തിന്റെ കബറിടങ്ങൾപോലെ.
Kerala
കൊല്ലം: 150 ലിറ്റർ ഗോവ നിർമിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. പട്ടത്താനം സ്വദേശി ഡാനി ജേക്കബ് ആണ് പിടിയിലായത്.
പൂജ, ഗാന്ധി ജയന്തി അവധിക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. കൂട്ടാളിക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് ജേക്കബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 150 ലിറ്റർ ഗോവ നിർമിത മദ്യം പിടികൂടിയത്.
ബിവറേജസ് അവധി ആയാൽ ആവശ്യക്കാർക്ക് പറയുന്നിടത്ത് മദ്യം എത്തിച്ചു നൽകുന്നതാണ് ജേക്കബിന്റെ രീതി. ഗോവയിൽ 140 രൂപ വില വരുന്ന മദ്യം 700 രൂപയ്ക്കായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്.
വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ജേക്കബിന് കൂടാതെ മറ്റു ചിലരും ഇതിൽ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. ട്രെയിനിൽ കൊണ്ടുവരുന്ന മദ്യം ജേക്കബിന്റെ വീട്ടിലാണ് ഒളിപ്പിച്ചു വയ്ക്കാറുള്ളത്.
പോലീസ് എത്തുമെന്ന് മനസിലാകി കൂട്ടാളി ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ കടത്തിവെട്ടി റിക്കാർഡ് വരുമാനവുമായി ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്.
ഉത്രാടദിനം മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ആറ് ഔട്ട്ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന നടന്നത്. ഉത്രാടദിന വില്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാറ്റം വിറ്റഴിച്ചത്.
കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.24 കോടി രൂപയുടെ മദ്യ വില്പനയാണ് ഇവിടെ മാത്രം നടന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് (1.11 കോടി), തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് (1.03 കോടി), കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് (ഒരു കോടി) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.